തിരുവനന്തപുരം: പുതിയ നിയമനിർമാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ അന്തസത്ത തകർത്ത മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും തൊഴിൽ അവകാശം സംരക്ഷിക്കുന്നവിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്നും നാളെയും ലോക്ഭവനു മുന്നിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ രാപകൽ സമരം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
രാവിലെ 10ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി രാപകൽ സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, കെ.സുധാകരൻ, ശശി തരൂർ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപി മാർ, എംഎൽഎമാർ, മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. നാളെരാവിലെ 10 ന് രാപകൽ സമരം സമാപിക്കും.